🔭📜♾️✨ ശാസ്ത്രത്തിനും തത്ത്വചിന്തയ്ക്കും അപ്പുറം


വിശുദ്ധഖുര്‍ആനില്‍നിന്ന് ലഭിക്കുന്ന ജ്ഞാനത്തിന്റെ സവിശേഷത ഇതാണെന്ന് തോന്നുന്നു-മനുഷ്യന് സ്വന്തം നിലയ്ക്ക് ഒരിക്കലും ആര്‍ജിക്കാന്‍ സാധിക്കാത്തതും തെറ്റാന്‍ തീരെ സാധ്യതയില്ലാത്തതുമായ വിജ്ഞാനം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അപ്രാപ്യമായ കേവല സത്യവും കേവല യാഥാര്‍ഥ്യവും. അതിഭൗതികജ്ഞാനമെന്നും ഇതിനെ വിളിക്കാം.
ശാസ്ത്രവും തത്ത്വചിന്തയും അവസാനിക്കുന്നിടത്തു നിന്നാണ് അതിഭൗതികജ്ഞാനം ആരംഭിക്കുന്നത്. പഞ്ചേന്ദ്രിയങ്ങള്‍ക്ക് അവിടെ പ്രവേശനമില്ല; ബുദ്ധിക്കും യുക്തിക്കും പ്രവേശനമില്ല. ബുദ്ധിയും യുക്തിയും അതിഭൗതികജ്ഞാനത്തിന് എതിരാവണമെന്നില്ല. എന്നാല്‍, ബുദ്ധികൊണ്ടും യുക്തികൊണ്ടും അത് ആര്‍ജിക്കാന്‍ കഴിയില്ല. ഇത് പറയുമ്പോള്‍ മനുഷ്യനെ കൊച്ചാക്കുകയാണെന്ന് ധരിക്കരുത്. മനുഷ്യന്‍ അത്രയേയുള്ളൂ. ന്യൂട്ടനും ഐന്‍സ്റ്റീനും അത്രയേയുള്ളൂ. മാര്‍ക്‌സും റസ്സലും അത്രയേയുള്ളൂ. ഇവരെല്ലാവരും ഒന്നിച്ചുചേര്‍ന്നാലും ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ മനുഷ്യരും അവരോടൊപ്പം ചേര്‍ന്നാലും അത്രയേയുള്ളൂ! മനുഷ്യന്‍ എല്ലാം തികഞ്ഞവനാണെന്ന നാട്യം ശുദ്ധ അസംബന്ധമാണ്. എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനും അല്ല മനുഷ്യന്‍. അവന് അറിയുന്നത് ഇതു മാത്രം- തനിക്ക് ഒന്നുമറിയില്ല! വിവരമുണ്ടെങ്കില്‍ സമ്മതിക്കേണ്ട ഒന്നാമത്തെ സത്യമാണിത്. ''ജ്ഞാനത്തില്‍നിന്ന് വളരെ തുഛമായതേ നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളൂ'' (ഖുര്‍ആന്‍: 17:85).
നമ്മള്‍ വളരെ ചെറിയവരാണ്. നമ്മുടെ ബുദ്ധി മൃഗങ്ങളുടേതിനോട് താരതമ്യം ചെയ്താണ് നാം മേനിനടിക്കുന്നത്. ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും മരണാനന്തരത്തെക്കുറിച്ചും ചിന്തിക്കുമ്പോഴെല്ലാം നമ്മുടെ വിവരക്കുറവ് നമ്മെ വേദനിപ്പിക്കുകയും നാണിപ്പിക്കുകയും ചെയ്യുന്നു. വളരെ കുറച്ച് വിവരമേ നമുക്കുള്ളൂ. മഹാസാഗരത്തിലെ ഒരു തുള്ളി പോലെ, മണലാരണ്യത്തിലെ ഒരു തരിപോലെ വളരെ ചെറുത്. ഇത് സമ്മതിക്കാത്ത ശാസ്ത്രജ്ഞനോ ദാര്‍ശനികനോ കലാകാരനോ ലോകത്ത് ജീവിച്ചുപോയിട്ടില്ല.
കണ്ണും കാതും നാവും മൂക്കും തൊലിയും നല്‍കിയ വിവരങ്ങള്‍ ബുദ്ധിയുടെയും യുക്തിയുടെയും മൈക്രോസ്‌കോപ്പിലിട്ട് തിരിച്ചും മറിച്ചും നോക്കിയിട്ടും ഒരു ദിവസം പോലും സമാധാനത്തോടെ ജീവിക്കാനാവശ്യമായ അറിവ് നമുക്ക് ലഭിച്ചിട്ടില്ല. നാം ഇപ്പോഴും മുമ്പത്തെപ്പോലെ പേടിക്കുന്നു, കരയുന്നു, അത്ഭുതപ്പെടുന്നു, ആശങ്കിക്കുന്നു, ഭൗതികതയ്ക്കും അതിഭൗതികതയ്ക്കും ഇടയ്ക്കുള്ള കന്മതിലില്‍ ചിന്തയുടെ തലതല്ലി സങ്കടപ്പെടുന്നു. നിലയില്ലാത്ത വെള്ളത്തില്‍ മുങ്ങി മരിക്കാന്‍ പോകുന്നവന്റെ വെപ്രാളം ജീവിതസമസ്യകളെക്കുറിച്ച് അറിവില്ലാത്തതിന്റെ പേരില്‍ നമുക്കുണ്ട്. മരണത്തിനു ശേഷമെന്ത് എന്ന് ഒരു കൊച്ചുകുട്ടിയെങ്ങാനും ചോദിച്ചുപോയാല്‍ നമുക്ക് മറുപടിയില്ല. കുട്ടി മാത്രമല്ല ഇവിടെ ചോദ്യവും ചെറുതാണ്. പക്ഷേ, മറുപടിയില്ല. ഒരു മനുഷ്യനും സ്വന്തം നിലയ്ക്ക് മറുപടി പറയാന്‍ സാധിക്കാതെപോയ കൊച്ചുചോദ്യമാണിത്. സദാ നമ്മോടൊപ്പമുള്ള ആത്മാവ് പോലും ഇതുവരെ നമ്മുടെ തലയില്‍ കേറിയിട്ടില്ല. ഉത്തരം മുട്ടിയപ്പോഴെല്ലാം ഭൗതികലോകത്തിനപ്പുറമുള്ള യാഥാര്‍ഥ്യങ്ങളെ ഒരുതരം പ്രതിഷേധഭാവത്തോടെ നാം നിഷേധിച്ചു. അപ്പോഴും മനസ്സിന്റെ അടിത്തട്ടില്‍ അവ നമ്മെ വേട്ടയാടിക്കൊണ്ടിരുന്നു എന്നതാണ് നേര്.
അതിഭൗതികലോകം പോകട്ടെ, ഭൗതികലോകത്തെക്കുറിച്ചുതന്നെ നാം മുഴുവന്‍ അറിഞ്ഞില്ല. അനന്തമായ പ്രപഞ്ചം നമുക്കിപ്പോഴും ഒരു വെല്ലുവിളിയും വിസ്മയവുമായി തുടരുന്നു. ശാസ്ത്രം ഇതുവരെ അറിഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇനിയും അറിയാനുള്ള കാര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തുലോം തുഛമാണ്. എന്നാല്‍, പഠനവും മനനവും പുരോഗമിക്കും തോറും ഭൗതികലോകത്തെ ഇരുട്ട് നീങ്ങിക്കൊണ്ടിരിക്കും. ഇന്ന് അജ്ഞാതമായ പലതും നാളെ നമ്മള്‍ അറിയും; ഇന്നലെ അറിയപ്പെടാതിരുന്ന പലതും ഇന്ന് അറിയുന്നതുപോലെ. മനുഷ്യന്റെ ബുദ്ധിയും യുക്തിയും ഭൗതികലോകത്തെക്കുറിച്ച് ഒരു നാള്‍ പൂര്‍ണമായി അറിഞ്ഞെന്നിരിക്കും. എന്നാല്‍, അതിഭൗതികലോകം ഇന്നും എന്നും അജ്ഞാതമായി അവശേഷിക്കും. കാരണം ലളിതം- അങ്ങോട്ട് മനുഷ്യന് പ്രവേശനമില്ല: ''അവരോട് പറയുക. അല്ലാഹു അല്ലാതെ ആരുംതന്നെ വാനലോകങ്ങളിലും ഭൂമിയിലും അതിഭൗതികകാര്യങ്ങള്‍ അറിയുന്നില്ല'' (ഖുര്‍ആന്‍: 27:65).
ചില യാഥാര്‍ഥ്യങ്ങള്‍ നമ്മള്‍ അംഗീകരിക്കുന്നതാണ് നല്ലത്. തലവേദന ഒഴിവായിക്കിട്ടാനെങ്കിലും അത് സഹായകമാകും. മനുഷ്യന്റെ അറിവും, അറിവ് ആര്‍ജിക്കാനുള്ള അവന്റെ കഴിവും വളരെ പരിമിതമാണ് എന്ന യാഥാര്‍ഥ്യം അക്കൂട്ടത്തില്‍പെടുന്നു. ഇതിനര്‍ഥം അറിവില്ലാത്തതിനെക്കുറിച്ച് മനുഷ്യന്‍ ചിന്തിക്കരുതെന്നല്ല, ചിന്തയുടെ സാധ്യതകളെ അവന്‍ തെറ്റിദ്ധരിക്കരുതെന്നു മാത്രം. അതിഭൗതികജ്ഞാനത്തിന്റെ മേഖലയിലേക്ക് മനുഷ്യനു തീരെ പ്രവേശനമില്ല. ദൈവം വെളിപ്പെടുത്തിയ വിവരങ്ങളേ ആ മേഖലയില്‍ നമുക്കുള്ളൂ. ഒന്നുകില്‍ അത് വിശ്വസിച്ച് സ്വസ്ഥമായി ജീവിക്കാം; അല്ലെങ്കില്‍ അവിശ്വസിച്ച് അസ്വസ്ഥമായി ജീവിക്കാം. ആദ്യം പറഞ്ഞ സ്വാസ്ഥ്യം വിജ്ഞാനത്തിന്റെ വാതിലടക്കുമെന്നോ ഒടുവില്‍ പറഞ്ഞ അസ്വാസ്ഥ്യം വിജ്ഞാനത്തിന്റെ പുതിയ വാതിലുകള്‍ തുറക്കുമെന്നോ തെറ്റിദ്ധരിക്കേണ്ട. ഭൗതികവിജ്ഞാനത്തിന്റെ കാര്യത്തിലേ ഈ ധാരണ ശരിയാകൂ. അതിഭൗതികവിജ്ഞാനത്തിന്റെ കാര്യത്തില്‍ നമ്മുടെ സ്വാസ്ഥ്യത്തിനും അസ്വാസ്ഥ്യത്തിനും ഒരു സ്വാധീനവുമില്ല. ദിവ്യബോധനം (വെളിപാട്) തന്നെവേണം അതിന്റെ വാതില്‍ തുറക്കാന്‍. ശാസ്ത്രത്തിനും തത്ത്വശാസ്ത്രത്തിനും അപ്രമാദിത്വം കല്‍പിച്ച്, വെളിപ്പെട്ട വിജ്ഞാനത്തെ നിഷേധിക്കുന്നവര്‍ അദൃശ്യലോകത്തേക്കുള്ള കവാടം കൊട്ടിയടക്കുകയാണ്. അവര്‍ക്കു നഷ്ടമാകുന്നത് വിജ്ഞാനത്തിന്റെ ഒരു വലിയ ലോകമാണ്.
പ്രവാചകന്മാര്‍ മുഖേന ദൈവം വെളിപ്പെടുത്തിയ അതിഭൗതികജ്ഞാനങ്ങള്‍ ശാസ്ത്രത്തിനും തത്ത്വശാസ്ത്രത്തിനും എതിരല്ല; അവയ്ക്കതീതമാണ്. പഞ്ചേന്ദ്രിയങ്ങളുടെ പരിമിതിമൂലമുണ്ടാകുന്ന കുറവാണ് ഒരു പിരിധിവരെ പ്രവാചകന്മാരിലൂടെ നികത്തിക്കിട്ടുന്നത്. സമ്പൂര്‍ണജ്ഞാനം പ്രവാചകന്മാര്‍ക്കും ലഭിച്ചിട്ടില്ല. ജീവിതത്തിന്റെ ലക്ഷ്യവും അത് പ്രാപിക്കാനുള്ള മാര്‍ഗവും അതിന് ആവശ്യമായ വിവരങ്ങളും മാത്രമേ അവരെയും അറിയിച്ചിട്ടുള്ളൂ. ബാക്കി അവരും നമ്മളും അറിയാനിരിക്കുന്നേയുള്ളൂ: ''അവര്‍ പറയുന്നു: അദ്ദേഹത്തിന് (പ്രവാചകന്) തന്റെ രക്ഷിതാവില്‍നിന്ന് ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തതെന്തുകൊണ്ട്? പറയുക, അതിഭൗതികജ്ഞാനം അല്ലാഹുവിനു മാത്രമേയുള്ളൂ. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. നിശ്ചയം, ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു'' (ഖുര്‍ആന്‍: 10:20)
ശാസ്ത്രം, തത്ത്വശാസ്ത്രം, വെളിപാട്
വിജ്ഞാനം വരുന്ന വഴി പ്രധാനമായും മൂന്നെണ്ണമാണ്: പരീക്ഷണം, യുക്തിചിന്ത, ദിവ്യവെളിപാട്. വേറൊരുവിധം പറഞ്ഞാല്‍ ശാസ്ത്രം, തത്ത്വശാസ്ത്രം, മതം. ഈ മൂന്നു മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന അറിവുകള്‍ പരസ്പരവിരുദ്ധങ്ങളല്ല; പൂരകങ്ങളാണ്. കൂട്ടത്തില്‍ ശരിയെന്ന് നൂറു ശതമാനം ഉറപ്പുള്ളത് മൂന്നാമത്തെ മാര്‍ഗത്തിലൂടെ ലഭിച്ച അറിവുകളാണ്.
ശാസ്ത്രത്തിനും തത്ത്വശാസ്ത്രത്തിനും പരിമിതികളുണ്ട്. അവയിലൂടെ ലഭിക്കുന്ന അറിവുകള്‍ ചിലപ്പോള്‍ തെറ്റാം. ഒരിക്കലും തെറ്റാനിടയില്ലാത്ത ദിവ്യവെളിപാടിലൂടെ ലഭിച്ച ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ വേണം ശാസ്ത്രവും തത്ത്വശാസ്ത്രവും വഴി ലഭിച്ച അറിവിന്റെ ആധികാരികത ഉറപ്പിക്കുന്നത്. മറിച്ചായാല്‍ അഥവാ, ശാസ്ത്രത്തിന്റെയും തത്ത്വശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍, വെളിപ്പെട്ട ജ്ഞാനത്തെ വിലയിരുത്തിയാല്‍ അറിവിന്റെ ആധികാരികത ചോര്‍ന്നുപോകും.
വ്യവസ്ഥാപിതവും വസ്തുനിഷ്ഠവുമായ പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ലഭിച്ച അറിവാണ് ശാസ്ത്രം. തെളിയിക്കപ്പെട്ട സത്യവും നിരീക്ഷിച്ചറിഞ്ഞ വസ്തുതയുമാണത്. വ്യവസ്ഥാപിതവും വസ്തുനിഷ്ഠവുമായ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ തുടര്‍ച്ചയായി ശരിയെന്ന് തെളിയിക്കപ്പെട്ട വിവരങ്ങളാണിത്. വര്‍ഗീകരിക്കാനും പൊതുനിയമങ്ങളുടെ കീഴില്‍ സമാഹരിക്കാനും സാധിക്കുന്ന വിവരങ്ങള്‍ കൂടിയാണ് ഇവ. ശാസ്ത്രം യഥാര്‍ഥത്തില്‍ സത്യം കണ്ടെത്താനുള്ള മനുഷ്യയത്‌നമാണ്; പ്രോത്സാഹിപ്പിക്കപ്പെടേണ്ട പരിശ്രമമാണ്. ചിന്തിക്കാനും കണ്ടെത്താനുമുള്ള നിരന്തര ആഹ്വാനം വിശുദ്ധഖുര്‍ആനിലുണ്ട്: ''വാനഭുവനങ്ങളുടെ സൃഷ്ടിപ്പിലും രാവും പകലും മാറിമാറി വന്നുകൊണ്ടിരിക്കുന്നതിലും മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി സമുദ്രത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന യാനപാത്രങ്ങളിലും അല്ലാഹു ആകാശത്തുനിന്ന് വര്‍ഷിപ്പിക്കുന്ന മഴയിലും -അതുവഴി നിര്‍ജീവമായ ഭൂമിയെ സജീവമാക്കുകയും അതില്‍ എല്ലാതരം ജീവികളെയും വ്യാപിപ്പിക്കുകയും ചെയ്യുന്നു അവന്‍- കാറ്റുകളുടെ ഗതിക്രമത്തിലും ആകാശഭൂമികള്‍ക്കിടയില്‍ നിയന്ത്രിച്ചു നിര്‍ത്തിയിട്ടുള്ള മേഘങ്ങളിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്'' (2:164). പ്രപഞ്ചത്തിലെ ചില യാഥാര്‍ഥ്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയ ശേഷം 'നിങ്ങള്‍ കാണുന്നില്ലേ?' 'ചിന്തിക്കുന്നില്ലേ?' എന്ന് അനേകം തവണ ഖുര്‍ആന്‍ ചോദിച്ചിട്ടുണ്ട്.
അന്വേഷിക്കാനുള്ള ആഹ്വാനത്തിനു പുറമെ ധാരാളം ശാസ്ത്രസൂചനകളുമുണ്ട് ഖുര്‍ആനില്‍. ഒരുദാഹരണം: ''രണ്ടു സാഗരങ്ങളെ കൂട്ടിച്ചേര്‍ത്തവനാകുന്നു അവന്‍. ഒന്ന് സ്വാദിഷ്ടമായ ശുദ്ധജലം, മറ്റേത് ചവര്‍പ്പുള്ള ഉപ്പുവെള്ളം. രണ്ടിനുമിടയില്‍ ഒരു മറയും തടസ്സവും ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു, അവന്‍'' (25:53). എന്നാല്‍, അടിസ്ഥാനപരമായി ഒരു ശാസ്ത്രഗ്രന്ഥമല്ലാത്തതിനാല്‍ അന്വേഷിക്കാനുള്ള ആഹ്വാനങ്ങളും പ്രകൃതി യാഥാര്‍ഥ്യങ്ങളിലേക്കുള്ള സൂചനകളുമല്ലാതെ ശാസ്ത്രസംബന്ധിയായ വെളിപ്പെടുത്തലുകളും വിശദീകരണങ്ങളും ഖുര്‍ആനില്‍ അധികമില്ല. മിക്ക കാര്യങ്ങളും അല്ലാഹു നിഗൂഢമായി വച്ചത് മനുഷ്യന്റെ ബുദ്ധിപരമായ വികാസം പരിഗണിച്ചുകൊണ്ടായിരിക്കാം. ഭൗതിക വിഷയങ്ങളിലുള്ള ഈ നിഗൂഢതകള്‍ ഏതെങ്കിലും ഒരു കാലത്ത് മനുഷ്യന്‍ നീക്കിയെന്നുമിരിക്കാം.
ഭൗതികയാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താനും പ്രകൃതിയിലെ നിഗൂഢതകള്‍ നീക്കാനും ശാസ്ത്രത്തെ അവലംബിക്കുമ്പോള്‍ ചില വസ്തുതകള്‍ മനസ്സിലാക്കേണ്ടതുണ്ട്: ശാസ്ത്രത്തിന് പരിമിതികളുണ്ട്. ശാസ്ത്രത്തിനു തെറ്റില്ലെന്നത് വെറും തെറ്റുധാരണയാണ്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും യാഥാര്‍ഥ്യത്തിന്റെ ബാഹ്യരൂപങ്ങളെ മാത്രമേ വെളിപ്പെടുത്തുന്നുള്ളൂ. ചിലപ്പോള്‍ വെളിപ്പെട്ടതിനപ്പുറത്തായിരിക്കും യാഥാര്‍ഥ്യം. മനുഷ്യന്റെ മുന്‍ധാരണകളും പിരിമിതമായ അനുഭവങ്ങളും അവന്‍ നടത്തുന്ന പരീക്ഷണ-നിരീക്ഷണങ്ങളുടെ ഫലത്തെ പരിമിതപ്പെടുത്തുന്നുണ്ട്. അവന്റെ ധൈഷണിക, സാമൂഹികപരിസരങ്ങള്‍ക്കുമുണ്ട് ചില സ്വാധീനങ്ങള്‍. ഈ പരിമിതികളും സ്വാധീനങ്ങളും മനുഷ്യന്‍ കണ്ടെത്തുന്ന സത്യത്തിന്റെ സത്യസന്ധതയെയും ആധികാരികതയെയും ബാധിക്കുന്നുണ്ട്. അതിനാല്‍ കേവല സത്യവും കേവല യാഥാര്‍ഥ്യവും മനുഷ്യന്റെ കണ്ടെത്തലുകള്‍ക്കപ്പുറത്താകാന്‍ സാധ്യതകള്‍ ഏറെയാണ്. അവന്റെ കണ്ടെത്തലുകള്‍ ആപേക്ഷികസത്യത്തിന്റെയും ആപേക്ഷികയാഥാര്‍ഥ്യത്തിന്റെയും പദവിയിലേ എത്തുന്നുള്ളൂ.
ഭൗതികയാഥാര്‍ഥ്യങ്ങളുടെ മേഖലയിലാണ് ശാസ്ത്രം വിഹരിക്കുന്നത്. അതിഭൗതികയാഥാര്‍ഥ്യങ്ങളുടെ മേഖലയിലേക്കു അതിനു പ്രവേശനമില്ല. അവിടെയാണ് മനുഷ്യന്‍ തത്ത്വശാസ്ത്രത്തെ അവലംബിക്കുന്നത്. ശാസ്ത്രം മുഖേന ലഭിച്ച അറിവുകള്‍ ഉപയോഗിച്ച് യുക്തിചിന്തയിലൂടെ അതിഭൗതികലോകത്തേക്ക് എത്തിനോക്കാനുള്ള മനുഷ്യയത്‌നമാണ് തത്ത്വശാസ്ത്രം. സത്യമോ യാഥാര്‍ഥ്യമോ അല്ല, അവയോട് അടുത്തതോ അവയില്‍നിന്ന് അകന്നതോ അവയോട് യോജിക്കുന്നതോ വിയോജിക്കുന്നതോ ആയ നിഗമനങ്ങള്‍ മാത്രമാണ് തത്ത്വശാസ്ത്രം വഴി നമുക്കു ലഭിക്കുന്നത്. ശാസ്ത്രത്തിന്റെ അത്രപോലും വിശ്വാസ്യത തത്ത്വശാസ്ത്രത്തിനില്ല. കാരണം, തെറ്റു പറ്റാനുള്ള സാധ്യത ഇവിടെ ശാസ്ത്രത്തിന്റേതിനേക്കാള്‍ കൂടുതലാണ്. ശാസ്ത്രത്തിന്റെ എല്ലാ പരിമിതികളും തത്ത്വശാസ്ത്രത്തിനുമുണ്ട്. കൂടാതെ മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങളും വ്യക്തിപരമായ താല്‍പര്യങ്ങളും തത്ത്വശാസ്ത്രത്തെ സ്വാധീനിക്കുന്നുമുണ്ട്.
വിജ്ഞാനത്തിന്റെ ഏറ്റവും ആധികാരികവും സത്യസന്ധവുമായ വഴി ദിവ്യബോധനമാണ്. സത്യത്തിന്റെ സത്യവും യാഥാര്‍ഥ്യത്തിന്റെ യാഥാര്‍ഥ്യവുമാണ് വെളിപാടിലൂടെ വെളിപ്പെടുന്നത്. അത് തെറ്റില്ല. കാരണം, അത് വരുന്നത് എല്ലാമറിയുന്ന ദൈവത്തില്‍നിന്നാണ്. അവന്റെ അറിവിന് പരിധിയും പരിമിതിയുമില്ല. ഭൂതവും വര്‍ത്തമാനവും ഭാവിയും പൂര്‍ണമായി അവന്‍ അറിയുന്നു. ഹുവല്‍ ഹഃഖ് -ഭാഷാന്തരീകരണത്തിന് വഴങ്ങാത്ത ഈ പ്രയോഗം ഖുര്‍ആനിലുള്ളതാണ്. സത്യവും യാഥാര്‍ഥ്യവും അല്ലാഹു തന്നെയാണെന്ന് മൊഴിമാറ്റിയാല്‍ അര്‍ഥം മുഴുവനാകുന്നില്ല. ''അതിഭൗതികരഹസ്യങ്ങളുടെ താക്കോലുകള്‍ അവന്റെ പക്കല്‍ തന്നെയാകുന്നു. അവനല്ലാതെ ആരും അത് അറിയുന്നില്ല'' (6: 59).
അതിഭൗതികജ്ഞാനം മാത്രമല്ല ചില അദൃശ്യസംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വിശുദ്ധഖുര്‍ആന്‍ നല്‍കുന്നുണ്ട്. മര്‍യമിന്റെ ചരിത്രം വിശദീകരിച്ചശേഷം, 'അദൃശ്യവാര്‍ത്തകളില്‍നിന്നുള്ള വെളിപ്പെടുത്തല്‍' എന്നാണ് വിശുദ്ധഖുര്‍ആന്‍ പറഞ്ഞത് (3:44). യൂസുഫ് നബിയുടെ ചരിത്രം വിവരിക്കുന്നിടത്തും ഖുര്‍ആന്‍ ഈ പ്രയോഗം നടത്തിയിട്ടുണ്ട് (12:102). ചരിത്രസംഭവങ്ങളുടെയും യാഥാര്‍ഥ്യം പൂര്‍ണമായി അറിയുന്നവന്‍ അല്ലാഹു മാത്രമാണെന്നും ശാസ്ത്രവും തത്ത്വശാസ്ത്രവും മാത്രമല്ല, ചരിത്രവും പ്രവാചകന്മാരിലൂടെ ദൈവം വെളിപ്പെടുത്തിയ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്നുമാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്. ഏത് അറിവിന്റെയും സത്യസന്ധത മാറ്റുരയ്ക്കാനുള്ള ആധികാരികജ്ഞാനമാണ് ഖുര്‍ആനിലുള്ളത്. ഖുര്‍ആനിക വിജ്ഞാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രനിരീക്ഷണവും യുക്തിചിന്തയും മാത്രമേ സത്യത്തിലേക്കും ശരിയിലേക്കും എത്തുകയുള്ളൂ: ''നിശ്ചയം ഈ ഖുര്‍ആന്‍ കൃത്യമായ ശരിയിലേക്കു നയിക്കുന്നു'' (17:9).
ശാസ്ത്രവും തത്ത്വശാസ്ത്രവും തെറ്റാം; ഖുര്‍ആന്‍ തെറ്റില്ല. കാരണം, ദിവ്യവെളിപാടാണത്. ദൈവം പ്രവാചകനു വെളിപ്പെടുത്തിക്കൊടുത്ത യാഥാര്‍ഥ്യങ്ങള്‍. അതിഭൗതികയാഥാര്‍ഥ്യങ്ങളുമുണ്ട് അക്കൂട്ടത്തില്‍. പ്രവാചകന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും അതിഭൗതികജ്ഞാനം അല്ലാഹു വെളിപ്പെടുത്തിക്കൊടുക്കില്ല. അതിനാല്‍ സഹജവാസന (Itsninc), അന്തപ്രജ്ഞ (Intuition), അന്തഃസ്ഫുരണം (Inspiration) ഇവയൊന്നും അതിഭൗതികയാഥാര്‍ഥ്യങ്ങള്‍ അറിയാനുള്ള മാര്‍ഗങ്ങളല്ല. ''നിങ്ങള്‍ക്ക് അതിഭൗതികകാര്യങ്ങള്‍ വെളിപ്പെടുത്തിത്തരികയെന്നത് അല്ലാഹുവിന്റെ രീതിയല്ല. (അതിന്) അവന്‍ തന്റെ ദൂതന്മാരില്‍നിന്ന് അവന്‍ ഉദ്ദേശിക്കുന്നവരെ തെരഞ്ഞെടുക്കുന്നു. അതിനാല്‍ അല്ലാഹുവിനെയും അവന്റെ ദൂതന്മാരെയും വിശ്വസിക്കുവിന്‍'' (ഖുര്‍ആന്‍: 3:179).
01010010 01000010 01000011 01101111 01110010 01100101 01000110 01101001 01111000 01010010 01000001 01010101 01000110 00100000 01000010 01001111 01010110 01001001 01001011 01000001 01001110 01000001 01001101 00110001 00110000 00110001 00110000 00110000 00110001 00110000 00110002 00110000 00110000 00110001 00110001 00110000 00110000 00110000 00110001 00110000 00110002 00110000 00110000 00110001 00110001 00110000 00110000 00110000 00110001 00110000 00110002 00110000 00110000 00110001 00110001
🔧 🛠️
RAUF BOVIKANAM RAUF BOVIKANAM
RBCoreFix Tech & Repair
⚡ RAUF BOVIKANAM ⚡
👁️ Views: Loading...

Post a Comment

0 Comments